കൊച്ചി: തീര്‍ഥാടനകേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള റെയില്‍വേയുടെ യാത്ര ദുരിതപൂര്‍ണമാണെന്ന പരാതിയിൽ തീര്ഥാടകന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നു ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി.
എറണാകുളം മരട് സ്വദേശി കെ.ബി. സുരേഷ്ബാബു സതേണ്‍ റെയില്‍വേ, ഐആര്‍സിടിസി എന്നിവര്‍ക്കെതിരേ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. തീര്ഥാടകന് നേരിട്ട് നഷ്ടങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും റെയില്‍വേ 73,500 രൂപ നഷ്ടപരിഹാരം നല്‍കാനാണു കോടതി ഉത്തരവ്.
2022 ഡിസംബറില്‍ കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട് പുരി, വാരാണസി, ഗയ, കൊണാര്‍ക്ക് തുടങ്ങിയ എട്ട് തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് 11 ദിവസം കൊണ്ട് മടങ്ങിവരുമെന്നു പരസ്യം ചെയ്ത് തീര്‍ഥാടകരെ പങ്കെടുപ്പിച്ചു നടത്തിയ യാത്രയില്‍ ആദ്യാവസാനം നേരിട്ട അസൗകര്യങ്ങളും നഷ്ടങ്ങളും ചൂണ്ടിക്കാട്ടിയാണു പരാതിക്കാരന് കോടതിയെ സമീപിച്ചത്.
11 ദിവസത്തെ യാത്ര 20,500 രൂപയ്ക്ക് വാഗ്ദാനം ചെയ്ത ശേഷം ഒമ്പതു ദിവസത്തെ യാത്രയാക്കി ചുരുക്കി. 2022 ഡിസംബര്‍ പത്തിന് രാവിലെ കൊച്ചുവേളിയില്‍നിന്ന് ആരംഭിക്കേണ്ടിയിരുന്ന യാത്ര റെയില്‍വേയുടെ ഓപ്പറേഷണല്‍ പ്രശ്നങ്ങള്‍ കാരണം എറണാകുളം ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉച്ചയ്ക്കു ശേഷമായി പുനഃക്രമീകരിച്ചിരുന്നു.
എന്നാല്‍, ചെന്നൈയില്‍ ഉണ്ടായ ചുഴലിക്കാറ്റ് കാരണം ട്രെയിന്‍ യാത്ര ഒരു ദിവസത്തിലധികം വൈകിയാണു പുറപ്പെട്ടത്. ട്രെയിന്‍ പുറപ്പെടുന്ന സമയം മാറ്റിയതിനെക്കുറിച്ച് യാത്രക്കാരെ യഥാസമയം അറിയിക്കുന്നതില്‍ ഐആര്‍സിടിസിക്ക് വീഴ്ച പറ്റി. സമയമാറ്റം സംബന്ധിച്ച് യാത്രക്കാര്‍ക്കു മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നു എന്ന് തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ യാതൊരു രേഖയും ഹാജരാക്കിയില്ല.
ട്രെയിന്‍ വൈകിയെത്തിയപ്പോള്‍ യാത്രക്കാര്‍ തിരക്കിട്ട് കയറിയതിനാല്‍ ട്രെയിന്‍ ശരിയായ രീതിയില്‍ വൃത്തിയാക്കാന്‍ സമയം ലഭിച്ചില്ല എന്നും എതിര്കക്ഷികള്തന്നെ സമ്മതിച്ചു. എത്തിച്ചേര്‍ന്ന സ്ഥലങ്ങളില്‍ സൗകര്യപ്രദമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലടക്കം ഗുരുതര വീഴ്ച സംഭവിച്ചതായും യാത്രക്കാര്‍ക്കു രണ്ട് മണിക്കൂറോളം ബസിനുള്ളില്‍ കഴിയേണ്ടി വന്നതായും ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
പരാതിക്കാരനില്‍നിന്നു തീര്‍ഥയാത്രയ്ക്കായി ഈടാക്കിയ 20,500 രൂപ റെയില്‍വേ തിരികെ നല്‍കണം. കൂടാതെ പരാതിക്കാരനുണ്ടായ വിവിധ നഷ്ടങ്ങള്‍ക്ക് 50,000 രൂപയും കോടതി ചെലവിനത്തില്‍ 3000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് കോടതി ഉത്തരവ് നല്കി.